29 November, 2024 09:17:45 AM
നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു. പാലക്കാട് ചിറ്റൂരിലാണ് ദാരുണ സംഭവമുണ്ടായത്. മൈസൂർ സ്വദേശി പാർവതി (40)യാണ് മരിച്ചത്. ചിറ്റൂർ ആലാംകടവിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവമുണ്ടായത്. ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി മറിയുകയായിരുന്നു. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. നാല് ദിവസം മുൻപ് തൃശൂർ നാട്ടികയിലുണ്ടായ സമാന അപകടത്തിൽ 5 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.