30 November, 2024 12:01:25 PM
ആണ്‍സുഹൃത്തിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവതി മുറിക്കുള്ളില്‍ ജീവനൊടുക്കി
തിരുവനന്തപുരം: ആൺസുഹൃത്തിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി യുവതി കയറി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആത്മഹത്യ. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
സന്ധ്യ വീട്ടിലേക്ക് വരുന്ന സമയത്ത് അരുൺ വീട്ടിൽ ഇല്ലായിരുന്നു. മാത്രമല്ല അരുണിന്റെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളിമാറ്റി വീടിനുള്ളിൽ കയറിയ സന്ധ്യ അരുണിന്റെ മുറിയിൽ കയറി വാതിലടച്ചു. പുറത്തിറങ്ങാതിരുന്നതോടെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് സന്ധ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
അരുണും സന്ധ്യയും സ്‌കൂളിൽ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വർഷം മുൻപ് നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ വച്ചാണ് ഇവർ വീണ്ടും സൗഹൃദത്തിലായത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ഇവർ തമ്മിൽ തെറ്റിപ്പിരിയുകയായിരുന്നു. വ്യാഴാഴ്ച റോഡിൽവച്ച് അരുണിനെ സന്ധ്യ കത്തിയുമായി ആക്രമിക്കുകയും അരുൺ ഓടിക്കുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. കൈക്ക് കുത്തേറ്റ അരുണിന് പരുക്കേറ്റിരുന്നു. കത്തിയുമായാണ് അരുണിന്റെ വീട്ടിലേക്ക് എത്തിയത്.