02 December, 2024 05:00:19 PM


നെടുമ്പാശ്ശേരിയിൽ ലക്ഷങ്ങൾ വിലവരുന്ന പക്ഷിക്കടത്ത്; 2 പേർ പിടിയിൽ



കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍ പക്ഷി വേട്ട. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെ പിടിച്ചെടുത്തത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.

ചിറകടി ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെയാണ് കണ്ടെത്തിയത്. വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. സംഭവത്തില്‍ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്തും.

പിടിച്ചെടുത്തവയില്‍ മൂന്ന് തരത്തില്‍ പെട്ട പക്ഷികളാണ് ഉണ്ടായിരുന്നത്. 25000 മുതല്‍ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്, 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരുകയാണ്. നടപടികള്‍ക്ക് ശേഷം പക്ഷികളെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. ഇപ്പോള്‍ ഡോക്ടര്‍മാരുടെയും മറ്റു പക്ഷിവിദഗ്ധരുടെയും പരിചരണത്തിലാണ് പക്ഷികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K