03 December, 2024 12:17:38 PM
കളര്‍കോട് അപകടം: അഞ്ച് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ പോസ്റ്റമോര്‍ട്ടമാണ് പൂര്‍ത്തിയായത്.
പാലാ മറ്റക്കരയിലെ വീട്ടിലായിരിക്കും ദേവാനന്ദിന്റെ സംസ്‌കാരം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സംസ്‌കാരം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും. ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളത്ത് നടക്കും.
പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ സഹായം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. അപകടം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്. കനത്ത മഴ നിലനിന്നിരുന്നതിനാല്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. സിനിമയ്ക്ക് പോകാനായി കാര്‍ വാടകയ്ക്കെടുത്തതായിരുന്നു വിദ്യാര്‍ത്ഥികള്‍.
കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ രാജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിരുന്നു. ബസിന്റെ വേഗത കുറയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ കാര്‍ ബസിലേക്ക് ഇടച്ചുകയറുകയായിരുന്നുവെന്ന് ഡ്രൈവര്‍ രാജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പതിനഞ്ച് വര്‍ഷത്തെ സേവനകാലയളവില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അപകടം നടക്കുന്നതെന്ന് കണ്ടക്ടര്‍ മനീഷ് കുമാര്‍ പ്രതികരിച്ചു.