05 December, 2024 10:46:38 AM


കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന



കോഴിക്കോട്: കോഴിക്കോട് എലത്തൂർ എച്ച്പിസിഎല്ലിലെ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന നടത്തും. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അഥോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധിക്കുക. സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎൽ വ്യക്തമാക്കിയത്.

ഇന്നലെ വൈകീട്ടാണ് എലത്തൂരിലെ എച്ച്പിസിഎൽ സംഭരണ കേന്ദ്രത്തിൽ നിന്ന് ഡീസൽ ഒഴുകിയത്. അരക്കിലോമീറ്റർ ദൂരത്തേക്ക് വരെ ഡീസൽ പരന്നു. സമീപത്തെ ഓവ് ചാലിലേക്കാണ് കവിഞ്ഞു ഒഴുകിയത്. രാത്രി വൈകിയും ഡീസൽ ഒഴുകിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. മുന്നറിയിപ്പ് സംവിധാനം തകരാറിലായതാണ് ഡീസൽ ഒഴുകാൻ കാരണമെന്നാണ് വിശദീകരണം. രാത്രി വൈകി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു.

ജനങ്ങൾ തിങ്ങി പാർക്കുന്നിടത്തേക്ക് ഡീസൽ ഒഴുകി എത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. 12 ഓളം ബാരലുകളിൽ ആണ് ഒഴുകി എത്തിയ ഡീസൽ കോരി എടുത്ത് മാറ്റിയത്. നിലവിൽ അപകട സാധ്യത ഇല്ലെന്ന് എച്ച്പിസിഎൽ മാനേജർ വിശദീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K