07 December, 2024 09:55:35 AM


പാലോട് നവവധുവിന്‍റെ ആത്മഹത്യ; കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവ് കസ്റ്റഡിയിൽ



തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ട നവവധുവിനെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. പിതാവ് ശശിധരൻ കാണിയുടെ പരാതിയിൽ പാലോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭർത്താവ് അഭിജിത്തി(25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിൽ ജനലിൽ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. അഭിജിത്തിനെതിരെയാണ് പിതാവ് പരാതി നൽകിയത്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടിൽ നിന്നു വിളിച്ചിറക്കി അമ്പലത്തിൽവെച്ച് കല്യാണം കഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമില്ലെന്നും റിപ്പോർ‌ട്ടുകളുണ്ടായിരുന്നു.

അഭിജിത്ത് വിളിച്ചിറക്കി കൊണ്ടു പോയ ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്. പാലോട് പൊലീസിൽ പരാതി നൽകിയ ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി അഭിജിത്ത് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K