07 December, 2024 06:37:42 PM
പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും തോരണങ്ങളും: സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തും

പാലക്കാട്: ജില്ലയിലെ പാതയോരങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍, ഫ്‌ലക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പിഴ ചുമത്തുന്നതും ലൈസന്‍സ് റദ്ദാക്കുന്നതുമുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. പൗരന്മാരുടെ സുരക്ഷ മാനിക്കാതെ അശ്രദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല മോണിട്ടറിങ് സമിതി യോഗത്തിലാണ് തീരുമാനം. പ്രശാന്തമായ അന്തരീക്ഷം ലഭ്യമായിരിക്കുക എന്നത് ഓരോ പൗരന്‍ന്റെയും അവകാശമാണെന്നും അതിനെ ധിക്കരിക്കുന്ന തരത്തിലുള്ള ഏതൊരു പ്രവര്‍ത്തിയും മതിയായ പിഴ ഈടാക്കേണ്ടതാകുന്ന കുറ്റമാണെന്നും മോണിട്ടറിങ് സമിതി വിലയിരുത്തി.