07 December, 2024 06:44:14 PM


ജില്ലാ മോണിട്ടറിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കില്ല



പാലക്കാട്: ജില്ലാ മോണിട്ടറിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കുകയില്ലെന്ന കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍  എ.ഡി.എം പി.സുരേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ടുളള ജില്ലാ മോണിട്ടറിങ് കമ്മിറ്റി യോഗം അറിയിച്ചു. ജില്ലാ കളക്ടറാണ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍. ആനയെഴുന്നള്ളിപ്പിനുള്ള അനുമതിക്കുള്ള അപേക്ഷ ഒരു മാസം മുമ്പ് തന്നെ സമര്‍പ്പിക്കണം. ആനയുടെ വിവരങ്ങളും എഴുന്നള്ളിപ്പ് റൂട്ടും ഉള്‍പ്പെടുത്തേണ്ടതാണ്. എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്നു മീറ്ററില്‍ കുറയാത്ത അകലം പാലിക്കേണ്ടതാണ്.ആനയും പൊതു ജനങ്ങളും തമ്മിലുള്ള അകലം എട്ടു മീറ്ററെങ്കിലും ഉറപ്പുവരുത്തണം.തീവെട്ടികളും, മറ്റ് ജ്വലിക്കുന്ന വസ്തുക്കളും, ആനയും തമ്മില്‍ അഞ്ച് മീറ്റര്‍ അകലമെങ്കിലും ഉണ്ടായിരിക്കണം. ആനകള്‍ക്കും, പൊതുജനത്തിനുമിടയില്‍ ബാരിക്കേഡ് സ്ഥാപിക്കണം. ആനയുടെ ആരോഗ്യ/ ഫിറ്റ്‌നസ് സാക്ഷ്യപത്രം നിര്‍ബന്ധമായും ലഭ്യമാക്കണം. ആനയ്ക്ക് മതിയായ വിശ്രമത്തിന് ശുചിയായ താല്ക്കാലിക സൗകര്യവും, ഭക്ഷണവും, വെള്ളവും ഉത്സവക്കമ്മിറ്റി ഉറപ്പാക്കേണ്ടതാണ്. പകല്‍ ഒമ്പതു മണിക്കും അഞ്ചു മണിക്കുമിടയില്‍ പൊതുനിരത്തിലൂടെയുള്ള എഴുന്നള്ളിപ്പ് അനുവദനിക്കില്ല. തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം ആനയെ എഴുന്നള്ളിക്കരുത് തുടങ്ങിയവയാണ് മറ്റ് യോഗ തീരുമാനങ്ങള്‍. എ.ഡി.എമ്മിന്റെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ എന്‍.ടി സിബിൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ: എൻ രാധാകൃഷ്‌ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എലഫൻ്റ് ഓണേഴ്‌സ് ഫെഡറേഷൻ,   ഉത്സവാഘോഷ കമ്മിറ്റി കോർഡിനേഷൻ കമ്മിറ്റി, ആന തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K