10 December, 2024 09:54:15 AM


പോത്തൻകോട് സ്ത്രീയെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം: പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുല‍ർച്ചെ പൂ പറിക്കാൻ പോയിരുന്നു തങ്കമണിയെന്നാണ് പൊലീസിൻ്റെ സംശയം. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടപ്പുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക സാധ്യത മുൻനിർത്തി മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K