10 December, 2024 10:29:45 AM


പാലക്കാട് എല്ലാവർക്കും ചുമതല നൽകി, തനിക്ക് നൽകിയില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ



തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ ഇതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു.

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കെ സുധാകരനെ മാറ്റേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പുനഃസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തെ ചാണ്ടി ഉമ്മൻ്റെ അസാന്നിധ്യം ചർച്ചയായിരുന്നു. ചാണ്ടി ഉമ്മൻ സജീവമാകാത്തത് ചർച്ചയായതോടെ കെ സി വേണുഗോപാൽ ഇടപെട്ടാണ് ചാണ്ടി ഉമ്മനെ പാലക്കാട് എത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോൾ ചാണ്ടി ഉമ്മൻെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K