13 December, 2024 09:48:43 AM


പനയമ്പാടം അപകടം; വിദ്യാർഥിനികൾക്ക് വിടചൊല്ലാനൊരുങ്ങി നാട്



പാലക്കാട്: പനയമ്പാടത്ത് സിമന്‍റ് ലോറി ഇടിച്ചു മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികൾക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്. നാല് വിദ്യാർഥിനികളുടേയും കബറടക്കം ഇന്ന് നടക്കും. മൃതദേഹങ്ങൾ രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ എട്ടര മുതൽ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ മൃതദേഹങ്ങൾ പൊതുദര്‍ശനത്തിനെത്തിച്ചു. പിന്നീട് 10.30 ന് തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കും.

വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഹാളില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, എംഎൽഎമാരായ കെ ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് ആദരം അർപ്പിച്ചത്. പത്ത് മണിവരെയാണ് പൊതുദര്‍ശനം.

കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. സ്കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്നലെ വൈകിട്ട് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞു കയറുകയായിരുന്നു. ‌ കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.

അതേസമയം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്നെടുക്കും. ഡ്രൈവർ മഹേന്ദ്ര പ്രസാദ്, ക്ലീനർ വർഗീസ് എന്നിവരുടെ മൊഴി കല്ലടിക്കോട് പൊലീസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി.

ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകിയിട്ടുണ്ട്. അപകടമുണ്ടാക്കിയ ലോറിക്ക് എതിരെ വന്ന വാഹന ഉടമയെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K