26 December, 2024 07:19:21 PM


സിതാരയില്‍ നിന്ന് സ്മൃതിപഥത്തിലേക്ക്‌; എംടിക്ക് വിട നൽകി നാട്



കോഴിക്കോട്: മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ 'സ്മൃതിപഥ'ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്‍ കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതാരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ 'സിതാര' വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു.

മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എംടിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വലിയ മനുഷ്യന്‍ നമ്മില്‍നിന്നു വേര്‍പെട്ടു. എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് ചെറുപ്പക്കാരെ വളരെയേറെ സ്വാധീനിച്ചു. മലയാളസാഹിത്യത്തിനു തീരാനഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍മാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓര്‍മിക്കാന്‍. അനീതിക്ക് നേരെ കാര്‍ക്കിച്ച് തുപ്പാന്‍ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ എംടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരില്‍ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേര്‍പാട് ഒരു തരത്തിലും നികത്താന്‍ പറ്റില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

നമ്മുടെ ലോകത്തെ ശൂന്യമാക്കിയാണ് എംടി വിടവാങ്ങുന്നതെന്ന് എംപി അബ്ദുള്‍ സമദ് സമദാനി പറഞ്ഞു. എല്ലാവര്‍ക്കും എല്ലാത്തിനും അതീതനായ പൊതു മനുഷ്യന്‍ ആയിരുന്നു എംടി. എഴുത്തിനും സാഹിത്യത്തിനും എംടി വസന്തമായിരുന്നു. കണ്ടാല്‍ സന്യാസി ആണെന്ന് തോന്നുന്ന, ആരെങ്കിലും ആക്ഷേപിച്ചാലും പുഞ്ചിരി മറുപടി നല്‍കുന്ന മനുഷ്യന്‍. സ്വത്വബോധത്തിന്റെ രാജശില്‍പ്പി ആയിരുന്നു അദ്ദേഹം. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇക്കാര്യം വരും കാലത്ത് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പപറഞ്ഞു.

മലയാളികള്‍ക്ക് നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത്വ്യക്തിത്വമാണ് എംടി സാറെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. സാഹിത്യലോകത്ത് മാത്രമല്ല സിനിമ എന്ന കലയുടെ എല്ലാമേഖലകളിലും അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടപറയുന്നതെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. പകരം വെക്കാന്‍ ആളില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ നമുക്ക് പറയാന്‍ സാധിക്കുന്ന ആളാണ് എം.ടി. നിര്യാണത്തില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരാജ് പറഞ്ഞു.

ഒമ്പത് കഥകളുടെ സിനിമാസമാഹാരത്തിന്റെ ട്രയിലര്‍ 'മനോരഥങ്ങള്‍' പുറത്തിറങ്ങുന്ന ചടങ്ങില്‍ കൊച്ചിയിലാണ് ഒടുവില്‍ പങ്കെടുത്തത്. ജന്മദിനമായ ജൂലൈ15 നായിരുന്നു കൊച്ചിയില്‍ ചലച്ചിത്രകാരന്‍ കൂടിയായ എംടിയുടെ അവസാന പൊതുപരിപാടി. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ബുധനാഴ്‌ച വൈകീട്ട്‌ പത്തുമണിയോടെയായിരുന്നു അന്ത്യം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K