27 December, 2024 08:00:57 PM
ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്; പുതിയ ഗവർണർ ജനുവരി 2ന് ചുമതലയേൽക്കും

തിരുവനന്തപുരം: സ്ഥലംമാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകുന്നത്. പുതിയ കേരള ഗവർണർ രാജേന്ദ്ര ആര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേൽക്കും. പുതുവത്സര ദിനത്തിൽ ആര്‍ലേകര്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിനു തന്നെയാകും ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിൽ ചുമതല ഏറ്റെടുക്കുക.
ബിഹാര്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് 70 കാരനായ ആര്‍ലേകര്‍ കേരളത്തിന്റെ ഗവര്‍ണറായെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. സംഗീതാസ്വാദകനായ ആര്‍ലേകര്‍, സൗമ്യമായ വ്യക്തിത്വത്തിനുടമയാണ്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ഗോവ വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ബിജെപി ഗോവ യൂനിറ്റിന്റെ ജനറല്‍ സെക്രട്ടറി, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.