28 December, 2024 10:54:26 AM
മന്ത്രവാദ ചികിത്സക്കെത്തി പതിനേഴുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 54 വർഷം തടവും പിഴയും

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വർഷം തടവ്. 2021 ൽ നടന്ന സംഭവത്തില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പതിനേഴുകാരിയായ പെൺകുട്ടിയുടെ അമ്മയ്ക്ക് മന്ത്രവാദ ചികിത്സയ്ക്കായി പ്രതിയായ മുഹമ്മദ് പി സി യാണ് സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇതിനിടയിലാണ് കുട്ടിക്ക് കൗൺസിലിങ് നൽകുകയാണെന്ന് പറഞ്ഞ് അമ്മയെ മറ്റൊരു മുറിയിലേക്ക് ഇയാൾ മാറ്റിയത്. ശേഷം പതിനേഴുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ട് മാസത്തോളം ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കി. തുടർന്ന് പെൺകുട്ടി സഹോദരിയോട് സംഭവം പറഞ്ഞതിന് പിന്നാലെയാണ് വിവരം പുറത്ത് വരുന്നത്.
വിവരം പുറത്ത് അറിഞ്ഞതിന് പിന്നാലെ മാതാപിതാക്കൾ ഇയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് പി സി സ്ഥലത്തെ പ്രധാന മന്ത്രവാദ ചികിത്സകനാണ്. മാതാപിതാക്കളുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിരുന്നു. 54 വർഷവും 2,95,000 രൂപ പിഴയുമാണ് പ്രതിക്ക് മഞ്ചേരി പോക്സോ കോടതി വിധിച്ചത്.