28 December, 2024 03:37:01 PM


റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടര്‍ ഇടിച്ചിട്ടു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു



കൊല്ലം: കൊല്ലം മുണ്ടക്കലിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കഴിഞ്ഞ ​ദിവസം നടന്ന അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 63 കാരി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കൽ തുമ്പ്രയിൽ വെച്ച് 15കാരൻ ഓടിച്ച സ്കൂട്ടർ സുശീലയെ ഇടിച്ചിട്ടത്. വയോധികയെ ഇടിച്ചിട്ട ശേഷം ഇവർ കടന്നുകളയുകയായിരുന്നു. മുണ്ടക്കൽ തില്ലേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള സ്കൂട്ടർ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. തലയ്ക്ക് പരിക്കേറ്റ സുശീല അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. 

വ്യാഴാഴ്ച വൈകിട്ട് തുമ്പ്ര ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ സുശീലയെ  സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറിടിച്ച് സുശീല നിലത്ത് വീണെങ്കിലും സ്കൂട്ടര്‍ യാത്രക്കാരനും യുവതിയും അവിടെ നിന്നും വാഹനവുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാരാണ് സുശീലയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടം നടന്ന ഉടനെ യുവതി സ്കൂട്ടറിൽ നിന്ന് ഇറങ്ങി മാറി നിൽക്കുന്നതും വാഹനം ഒതുക്കാനെന്ന രീതിയിൽ അരികിലേക്ക് മാറിയശേഷം  സ്കൂട്ടര്‍ മെല്ലെ ഓടിച്ച് നീക്കിയശേഷം യുവാവ് യുവതിയെയും കയറ്റി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K