29 December, 2024 12:48:11 PM


15കാരൻ ഓടിച്ച സ്കൂട്ടറിടിച്ച് സ്ത്രീ മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസ്



കൊല്ലം: കൊല്ലത്ത് 15കാരനായ കൊച്ചുമകൻ ഓടിച്ച സ്കൂട്ടർ ഇടിച്ചു വയോധിക മരിച്ച സംഭവത്തിൽ മുത്തച്ഛനെതിരെ കേസെടുത്ത് പൊലീസ്. തില്ലേരി സ്വദേശി 80 വയസുള്ള ജോൺസനെതിരെയാണ് കേസ്. മുണ്ടക്കൽ സ്വദേശി സുശീലയാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറിന് ഇൻഷുറൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു.

മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിനു സമീപം ഡിസംബർ 26 ന് വൈകിട്ട് ആയിരുന്നു സംഭവം. അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ജോൺസന്റേതാണ് വാഹനം എന്ന് കണ്ടെത്തി. ജോൺസന്റെ കൊച്ചുമകനാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെയും കുട്ടികൾ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ തെറ്റായ ദിശയിലെത്തിയ സ്കൂട്ടർ മുണ്ടക്കൽ സ്വദേശിനിയായ സുശീലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്. സുശീലയ്ക്ക് ഒപ്പമുണ്ടായിരുന്ന ശാന്ത നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സുശീലയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ലാൽ പ്രസാദ് ആണ് സുശീലയുടെ ഭർത്താവ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K