17 January, 2024 12:40:51 PM
മഹുവ മൊയ്ത്രയോട് എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം
ന്യൂഡൽഹി: കഴിഞ്ഞ മാസം എംപി സ്ഥാനത്തു നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ഇന്നലെ ആയിരുന്നു ഔദ്യോഗിക വസതി ഒഴിയാൻ നൽകിയ അവസാന തീയതി. എന്നാൽ മഹുവ മൊയ്ത്ര വസതി ഒഴിയാത്ത സാഹചര്യത്തിലാണ് എത്രയും വേഗം ഒഴിയാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
2023 ഡിസംബർ 8നാണ് മഹുവയെ അയോഗ്യയാക്കിയത്. അയോഗ്യയായ എംപിക്ക് ഔദ്യോഗിക വസതി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് അറിയിച്ചു. ജനുവരി 7നകം ഔദ്യോഗിക വസതി ഒഴിയണമെന്നായിരുന്നു ആദ്യം നൽകിയ നിർദേശം. സര്‍ക്കാര്‍ വസതി ഒഴിയാത്തതിന്റെ കാരണം ആവശ്യപ്പെട്ട് 3 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 8ന് മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 12ന് മറ്റൊരു നോട്ടീസും അയച്ചു.
ഔദ്യോഗിക വസതിയിൽ തുടരാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് മഹുവ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തുടർച്ചയായ നാലാം തവണയാണ് വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയക്ക് കത്ത് ലഭിക്കുന്നത്.