27 February, 2025 12:36:40 PM


വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; സൽമ ബീവിയെ കൊന്ന കേസിൽ അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി



തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിതാവിന്റെ മാതാവ് സൽമ്മ ബീവിയെ കൊന്ന കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് അഫാന്‍ പൊലീസിന് മൊഴി നൽകിയിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ മൊഴി നല്‍കിയതായാണ് വിവരം.

വീട്ടിലെ ചെലവുകള്‍ക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാന്‍ പറയുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരില്‍ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തി.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും പിതൃസഹോദരനും ഭാര്യയും മുത്തശ്ശിയും കാര്യമായി സഹായിച്ചിരുന്നില്ലെന്നും അഫാന്‍ പറയുന്നു. കടബാധ്യതകള്‍ തീര്‍ക്കാന്‍ അവര്‍ സഹായിച്ചില്ല. നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്തു. ഈ കാരണത്താല്‍ ഇവരോട് പകയുണ്ടായിരുന്നതായും അഫാന്റെ മൊഴിയിലുള്ളതായാണ് വിവരം. താനില്ലെങ്കിൽ അവൾ വേണ്ട എന്ന തീരുമാനമാണ് ഫർസാനയെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നും അഫാൻ പൊലീസിന് മൊഴി നൽകിയതായാണ് സൂചന.

സംഭവ ദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നും അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെ ഉമ്മ ഷെമിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി മുറിയില്‍ പൂട്ടിയിട്ട് പുറത്തേക്ക് പോയി. ഇതിന് ശേഷം വെഞ്ഞാറമ്മൂട്ടിലെ ധനകാര്യ സ്ഥാപനത്തിലെത്തി 1500 രൂപ കടംവാങ്ങി. തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് അടുത്തുള്ള കടയില്‍ നിന്ന് ചുറ്റികയും ബാഗും എലി വിഷവും വാങ്ങി. വീട്ടിലെത്തിയപ്പോള്‍ ഉമ്മ തല ഉയര്‍ത്തി നോക്കുന്നത് അഫാന്‍ കണ്ടു. ഇതോടെ കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് ഉമ്മയുടെ തലയ്ക്കടിച്ചു. ഇതിന് ശേഷം പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേയ്ക്ക് പോയി. അവിടെ എത്തി മുത്തശ്ശിയോട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അഫാന്‍ കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് മുത്തശ്ശിയെ തലയ്ക്കടിച്ച് വീഴ്ത്തി. ശേഷം കഴുത്തില്‍ കിടന്ന മാലയുമായി വെഞ്ഞാറമ്മൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ എത്തി.

സല്‍മാ ബീവിയുടെ സ്വര്‍ണമാല പണയംവെച്ച് 74,500 രൂപ വാങ്ങി. ഈ പണത്തില്‍ നിന്ന് കടം വാങ്ങിയ ആള്‍ക്ക് ഓണ്‍ലൈന്‍ വഴി 40,000 രൂപ കൈമാറി. ഇതിന് ശേഷം എസ് എന്‍ പുരത്തെത്തി പിതൃസഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തി. ഇതിന് പിന്നാലെ വെഞ്ഞാറമ്മൂട്ടിലെത്തി ഒരു ബാറില്‍ കയറി മദ്യപിച്ചു. ഒരു ബോട്ടില്‍ മദ്യം വാങ്ങുകയും ചെയ്തു. ഇതിന് ശേഷമാണ് പെണ്‍സുഹൃത്ത് ഫര്‍സാനയേയും സഹോദരന്‍ അഫ്‌സാനയേയും അഫാന്‍ കൊലപ്പെടുത്തിയത്. ഇതിന് ശേഷമായിരുന്നു വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ കീഴടങ്ങുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K