03 March, 2025 11:51:17 AM


പെൺകുട്ടിയെ കുറിച്ച് മോശം പറഞ്ഞെന്ന് ആരോപണം; 16കാരനെ ക്രൂരമായി മർദിച്ച് വിദ്യാർഥികൾ



തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാറുകാരന് വിദ്യാർത്ഥികളുടെ ക്രൂരമർദനം. തൊളിക്കോട് പനയ്‌ക്കോടാണ് സംഭവം. പെണ്‍കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് പതിനാറുകാരനെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കുട്ടിയുടെ അമ്മ ആര്യനാട് പൊലീസിൽ പരാതി നൽകി.

വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പ്രദേശത്തെ വാഴത്തോട്ടത്തിൽ എത്തിച്ചായിരുന്നു പതിനാറുകാരനെ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത്. താൻ ഒന്നും ചെയ്തിട്ടില്ലെന്ന് പതിനാറുകാരൻ പറയാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ചും തലയ്ക്കിടിച്ചും ക്രൂരമർദനമാണ് രണ്ട് വിദ്യാർത്ഥികൾ അഴിച്ചുവിട്ടത്. ഈ പ്രശ്‌നം ഇവിടെ തീരണമെന്നും അല്ലാത്തപക്ഷം ഇടികൊള്ളേണ്ടിവരുമെന്നും വിദ്യാർത്ഥികളിൽ ഒരാൾ ഭീഷണി മുഴക്കുന്നുണ്ട്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. കഴിഞ്ഞമാസം 16ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K