21 January, 2024 07:59:17 PM
അയോധ്യ പ്രാണ പ്രതിഷ്ഠ: അവധി കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും
ന്യൂ ഡല്‍ഹി: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22-ന് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിലും പൊതുഅവധി പ്രഖ്യാപിച്ചു. അയോധ്യാ പ്രതിഷ്ഠാ മുൻനിർത്തി വകുപ്പുകള്‍, ബോര്‍ഡുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയ്ക്കെല്ലാം നാളെ പൊതുഅവധി നല്‍കാനുള്ള അറിയിപ്പ് പുറത്ത് വന്നു. ദിവസവേതനക്കാർക്ക് അടക്കം അവധി നൽകിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷ്ഠാചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. നേരത്തെ 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദിവസം മുഴുവനും ഗുജറാത്ത്, ഹരിയാണ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡിഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയുമാണ് അവധി നൽകിയിരിക്കുന്നത്.