07 March, 2025 08:39:01 PM


കോഴിക്കോട് കാണാതായ 75 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ



കോഴിക്കോട്: കാണാതായ കോടഞ്ചേരി സ്വദേശിനിയായ വയോധികയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വലിയകൊല്ലി സ്വദേശിനി മംഗലം വീട്ടില്‍ ജാനു(75)വിന്റെ മൃതദേഹമാണ് വീടിന് സമീപത്തുള്ള വനപ്രദേശത്ത് നിന്ന് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. മറവി രോഗമുള്ള ഇവരെ മാര്‍ച്ച് ഒന്ന് മുതലാണ് വീട്ടില്‍ നിന്ന് കാണാതായത്.  

ഇന്നലെ നടത്തിയ അന്വേഷണത്തില്‍ കാണാതാകുന്ന സമയത്ത് ജാനു ധരിച്ചിരുന്ന വസ്ത്രം തിരച്ചില്‍ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെ ഇന്ന് രാവിലെ മുതല്‍ കോടഞ്ചേരി പോലീസും ഡോഗ് സക്വാഡും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ വസ്ത്രം ലഭിച്ച സ്ഥലത്ത് നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്‍ക്വസ്റ്റ് നടപടികള്‍ ഇവിടെ വച്ച് തന്നെ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929