09 March, 2025 12:04:29 PM


മലപ്പുറത്ത് പുലിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്



മലപ്പുറം: മലപ്പുറം മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനുനേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് ആക്രമണം. 

മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പുലിയുടെ നഖം കാലിൽ കൊണ്ടാണ് പരിക്കേറ്റത്. മറ്റു ശരീരഭാഗങ്ങളിൽ പുലിയുടെ ആക്രമണം ഏൽക്കാത്തതിനാൽ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലതു കാലിലാണ് പുലിയുടെ നഖം കൊണ്ട് പരിക്കേറ്റത്. ആക്രമണത്തിൽ മുഹമ്മദാലി ധരിച്ചിരുന്ന വസ്ത്രമടക്കം കീറി. ഉപ്പയുടെ മുകളിലേക്ക് പുലി ചാടി വീഴുകയായിരുന്നുവെന്ന് മുഹമ്മദാലിയുടെ മകൻ മുഹമ്മദ് റാഫി പറഞ്ഞു. സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്ത് പോയപ്പോഴാണ് സംഭവം.പുലി ചാടി വീണതോടെ ഉപ്പ വണ്ടിയിൽ നിന്ന് വീണു. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിലാണെന്നും മകൻ മുഹമ്മദ് റാഫി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919