16 April, 2025 03:59:55 PM


'ദിവ്യ പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ'- കെ മുരളീധരൻ



തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായ കെ കെ രാഗേഷിനെ പുകഴ്ത്തിയ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുരളീധരൻ പറഞ്ഞു. 

കോൺഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യർ, ​മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പ്രശംസിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പി​നെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളടക്കം വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ വിസമ്മതിച്ചു. 'നോ കമന്റ്സ്' എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സതീശന്റെ പ്രതികരണം. കൂടുതൽ വിവാദമാക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം എത്തിനിൽക്കെയാണ് കെ മുരളീധരൻ വിമർശനവുമായി രംഗത്ത് വരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K