12 April, 2025 12:20:11 PM
'അവസാന നാളുകളിൽ ഭാര്യ മാത്രമേ ഉണ്ടാകൂ'; ഭാര്യയെ കുത്തിയ 91-കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: 88 കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരനായ ഭര്‍ത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അവസാന നാളുകളില്‍ ഭാര്യ മാത്രമേ ഉണ്ടാകൂ എന്നും കോടതി ഓര്‍മിപ്പിച്ചു. ഇരുവരും ഒരുമിച്ച ജീവിത ഇന്നിങ്‌സ് സന്തോഷത്തോടെ പൂര്‍ത്തിയാക്കട്ടെ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് നിരന്തരം ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് 91 കാരന്‍ ഭാര്യയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിന് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഹര്‍ജിക്കാരനെ പൊലീസ് അറസ്്റ്റ് ചെയ്തു. മാര്‍ച്ച് 21 മുതല്‍ ജയിലില്‍ ആണ്. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യയാണ് തന്റെ കരുത്തെന്നും ഹര്‍ജിക്കാരനും ഭര്‍ത്താവാണ് തന്റെ ശക്തിയെന്ന് ഭാര്യയും മനസിലാക്കണമെന്ന് കോടതി പറഞ്ഞു. പ്രായം ഇരുവരുടേയും സ്‌നേഹത്തിന്റെ മാറ്റുകൂട്ടിയതിനാലാണ് ഭര്‍ത്താവിനെ നിരന്തരം നിരീക്ഷിക്കുന്നത്. അതാണ് സംശയത്തിലേയ്ക്ക് എത്തിച്ചത്. എന്‍ എന്‍ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയും ഉത്തരവില്‍ ഉള്‍പ്പെടുത്തി. 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ.