18 March, 2025 12:31:57 PM
ചാർജിങ്ങിനിടെ ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ് ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

ചെന്നൈ : ചാർജിങ്ങിനിടെ ഇലക്ട്രിക് ബൈക്ക് കത്തി. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കുടുംബത്തിലെ മൂന്ന് പേരിൽ പിഞ്ചുകുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. മധുരവയൽ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്ട്മെൻ്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടം ഉണ്ടായത്. ഗൗതമൻ(31) ഭാര്യ മഞ്ജു (28) ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിൻ്റെ നില ഗുരുതരമായി തുടരുകയാണ്.
രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുകയും രൂക്ഷ ഗന്ധവും ഉയരുകയായിരുന്നു. ഇതിന് പിന്നാലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബത്തിന് പൊള്ളലേറ്റത് തുടർന്ന് അയൽവാസികളാണ് ഇവരെ കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.