01 April, 2025 12:18:40 PM
ഝാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഝാർഖണ്ഡിലെ സാഹിബഗഞ്ച് ജില്ലയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കൂട്ടിയിടിയിൽ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഝാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലെ ലാൽമതിയ എംജിആർ ലൈനിൽ വച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കൽക്കരി നിറച്ച വാഗണുകളിലൊന്നിൽ തീപിടിത്തമുണ്ടായി. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ അപകടത്തിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് യാതൊരു പങ്കുമില്ലെന്ന് എൻടിപിസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് ഇന്ത്യൻ റെയിൽവേയുടെ പരിധിയിൽ വരുന്നതല്ലെന്നും പൂർണമായും എംജിആർ ലൈൻ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണെന്നും എൻടിപിസി വ്യക്തമാക്കി. ലോക്കോ പൈലറ്റ്, ട്രാക്ക്, ക്രൂ, സിഗ്നലിംഗ്, അറ്റകുറ്റപ്പണികൾ എന്നിവ കൈകാര്യം ചെയ്യുന്നത് എൻടിപിസിയാണ്. അപകടത്തിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്. ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ മാറ്റാനുള്ള നടപടികൾ നടക്കുന്നുണ്ട്.