29 March, 2025 09:03:53 AM
സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ മരിച്ച നിലയില്‍; കുറിപ്പ് കണ്ടെത്തി

ബെലഗാവി: സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ മരിച്ച നിലയില്‍. ബെലഗാവി ജില്ലയിലെ ഖാനാപൂർ താലൂക്കിലാണ് സംഭവം. ഖാനപൂരിലെ ബീഡി ഗ്രാമത്തിൽ താമസിക്കുന്ന ദിയോഗ്ജെറോൺ സാന്റൻ നസറെത്ത് (82), ഭാര്യ ഫ്ലാവിയാന (79) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽവാസികൾ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് സൂചന.
വീടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഫ്ലാവിയാന. വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ദിയോഗ്ജെറോണിന്റെ മൃതദേഹം. ദിയോഗ്ജെറോൺ എഴുതിയതായി കരുതുന്ന രണ്ടു പേജുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഏതാനും ദിവസം മുൻപ് ഡൽഹിയിൽനിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാൾ തന്നെ ഫോണിൽ വിളിച്ചതായി കുറിപ്പിൽ ദിയോഗ്ജെറോൺ പറയുന്നു. തന്റെ സിംകാർഡ് നിയമവിരുദ്ധമായും മോശം സന്ദേശങ്ങൾ അയക്കാനും ഉപയോഗിച്ചെന്നും പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു.
തുടർന്ന് അനിൽ യാദവ് എന്നയാളും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവർ ശേഖരിച്ചു. 50 ലക്ഷത്തിൽ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നു. സ്വർണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ദിയോഗ്ജെറോൺ. ഇവർക്ക് മക്കളില്ല. ഇരുവരുടെയും മൃതദേഹങ്ങൾ വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠിക്കാനായി നൽകണമെന്നും കുറിപ്പിൽ പറയുന്നു.
'ഇപ്പോൾ എനിക്ക് 82 വയസ്സായി, എന്റെ ഭാര്യക്ക് 79 വയസ്സായി. ഞങ്ങളെ പിന്തുണയ്ക്കാൻ ആരുമില്ല. ആരുടെയും കാരുണ്യത്തിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ ഈ തീരുമാനം എടുക്കുന്നു," കുറിപ്പിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ മൊബൈൽ ഫോൺ, കത്തി, ആത്മഹത്യാക്കുറിപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. 'കുറിപ്പിൽ പറയുന്ന രണ്ട് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും സൈബർ തട്ടിപ്പിനും ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നു," ബെലഗാവി പൊലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് പറഞ്ഞു.