19 March, 2025 04:18:07 PM
അടഞ്ഞുകിടന്ന ഫ്ലാറ്റിൽ റെയ്ഡ്: 100 കോടി രൂപയുടെ സ്വർണവും ആഡംബര വാച്ചുകളും പിടികൂടി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പൂട്ടിയിട്ട ഫ്‌ളാറ്റില്‍ നിന്നും 100 കോടി രൂപയുടെ സ്വര്‍ണവും ആഭരണങ്ങളും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സുമായി സഹകരിച്ചാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 87.9 കിലോഗ്രാം സ്വര്‍ണക്കട്ടികള്‍, 19.6 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, കോടിക്കണക്കിന് വിലമതിക്കുന്ന 11 വാച്ചുകള്‍, 1.37 കോടി രൂപ എന്നിവയാണ് കണ്ടെടുത്തത്.
പണം എണ്ണുന്ന യന്ത്രം കൊണ്ടുവന്നാണ് നോട്ട് എണ്ണി തിട്ടപ്പെടുത്തിയത്. അഹമ്മദാബാദിലുള്ള ഈ അപ്പാര്‍ട്‌മെന്റ് മേഘ് ഷാ എന്നയാളാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഘ് ഷായുടെ പിതാവ് ദുബായില്‍ ബിസിനസുകാരനും സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപനും കൂടിയാണ്. ഇരുവരും കുറെക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഫ്‌ളാറ്റിന്റെ താക്കോല്‍ പൊലീസ് എടുക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.