10 March, 2025 04:30:25 PM
ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരത, വിവാഹ മോചനത്തിന് കാരണമായി പരിഗണിക്കാം: മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്നും ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് വ്യക്തമാക്കി. വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ സ്വന്തം സ്വപ്‌നങ്ങളും കരിയറും ത്യജിക്കുന്ന കേസാണെന്ന വസ്തുത കുടുംബ കോടതി അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
ഹിന്ദു വിവാഹ നിയമപ്രകാരം സെക്ഷന്‍ 13(1)(ia) പ്രകാരം വിവാഹം കഴിഞ്ഞ് വിദ്യാഭ്യാസം തുടരണ്ടെന്ന് പറയുന്നത് വിവാഹമോചനത്തിന് മതിയായ കാരണം തന്നെയാണ്. വിദ്യാഭ്യാസം ജീവിതത്തിന്റെ ഒരു വശമാണ്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്നു. അന്തസോടെയുള്ള ജീവിതം നയിക്കുന്നതിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമായ ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിദ്യാഭ്യാസമില്ലാത്തതും സ്വയം മെച്ചപ്പെടുത്താന്‍ താല്‍പ്പര്യം കാണിക്കാത്തതുമായ വ്യക്തിക്കൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു.
2015ല്‍ പരാതിക്കാരിയും പ്രതിയും തമ്മിലുള്ള വിവാഹം നടന്നു. വിവാഹസമയത്ത് ഇരുവര്‍ക്കും പ്ലസ് ടു വിദ്യാഭ്യാസമാണുണ്ടായിരുന്നത്. പെണ്‍കുട്ടി പഠനം തുടരണമെന്ന് വിവാഹ സമയത്ത് തന്നെ ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ സമ്മതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കണമെന്നും പഠനം തുടരാന്‍ പറ്റില്ലെന്നും ഭര്‍തൃവീട്ടുകാര്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചു.മദ്യപിച്ച് വന്ന ഭര്‍ത്താവ് ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. വിവാഹ മോചനത്തിനുള്ള ഹര്‍ജിയും കോടതി ഫയല്‍ ചെയ്തു.
എന്നാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും ദാമ്പത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഭര്‍ത്താവിന്റെ ഹര്‍ജി അനുവദിക്കുകയുമാണ് കുടുംബ കോടതി ചെയ്തത്. എന്നാല്‍ ഇതിനെതിരെ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.