25 February, 2025 04:03:02 PM


നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി 27 ന്



പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27 ന് വിധി. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകൻ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇന്ന് അവസാനിക്കുമായിരുന്ന ചെന്താമരയുടെ റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട്. നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു ചെന്താമര തീരുമാനം മാറ്റിയത്.

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്‍റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം.

ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഇയാള്‍ കാട്ടിലേയ്ക്ക് കടന്നിരുന്നു. 29ന് പുലര്‍ച്ചെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927