28 February, 2025 04:59:56 PM
ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; നിരവധിപേർ കുടുങ്ങി കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം. അപകടത്തിൽ നിരവധി തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. അപകടം നടന്ന സമയത്ത് ഏകദേശം 57 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങി കിടക്കുന്നവരിൽ 16 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുളളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
രക്ഷപ്പെട്ടവരിൽ പലരും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്. ശക്തമായ കാറ്റിനൊപ്പം മഞ്ഞുവീഴ്ചയും ഉണ്ട്. റോഡുകൾ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. റോഡുകളിൽ വീണു കിടക്കുന്ന മഞ്ഞ് നീക്കം ചെയ്യുന്നതിനായി സ്നോ കട്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ ദീപം സേത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അപകടം നടന്ന സ്ഥലത്തേയ്ക്ക് ആംബുലൻസുകൾ എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാസംഘത്തിന് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ബിആർഒ (ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ) എക്സിക്യൂട്ടീവ് എഞ്ചിനീയർ മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായി മഴയും മഞ്ഞും പെയ്യുന്നതിനാൽ ഹെലികോപ്റ്റർ സർവീസുകൾക്കും തടസ്സമുണ്ട്. കാലാവസ്ഥയിൽ ഡ്രോൺ പ്രവർത്തനങ്ങളും അസാധ്യമാണെന്ന് എസ്ഡിആർഎഫ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് റിധിം അഗർവാൾ അറിയിച്ചു.
57 തൊഴിലാളികൾ ഹിമപാതത്തിൽ കുടുങ്ങിയതായും അതിൽ 16 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞുവെന്നും എല്ലാവരെയും എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.