21 February, 2025 04:12:00 PM


അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു



തൃശ്ശൂർ: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍ ഉണ്ടായിരുന്ന മുറിവിനെ തുടര്‍ന്ന് ആന ഗുരുതരാവസ്ഥയിലായിരുന്നു.

കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്. കോന്നി സുരേന്ദ്രന്‍, വിക്രം, കുഞ്ചു എന്നീ കുങ്കി ആനകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.

കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്.വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടിവെച്ചത്. മസ്തകത്തിലെ മുറിവില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ലോറിയില്‍ കയറ്റി കോടനാട്ടേയ്ക്ക് കൊണ്ടുപോയത്.

കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെയാണ് കൊമ്പന്‍ ചരിഞ്ഞത്. ആനയുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K