26 February, 2025 08:37:12 AM


വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പ്: മലയാളി ഡൽഹി പോലീസിന്‍റെ പിടിയിൽ



ന്യൂഡല്‍ഹി: ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. മലയാളിയായ ഡിജോ ഡേവിസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേരളത്തിലെത്തിയാണ് പൊലീസ് രൂപേഷിനെ പിടികൂടിയത്.

ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. വ്യാജ താമസ വിസയില്‍ ഇറ്റലിയിലേക്ക് പോയ ഡിജോയെ ഇറ്റാലിയന്‍ ഇമിഗ്രേഷന്‍ വിഭാഗം മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മലയാളിയായ പി ആര്‍ രൂപേഷാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്.എട്ട് ലക്ഷം രൂപ ബിജോ ഡേവിസില്‍ നിന്ന് രൂപേഷ് കൈപ്പറ്റിയെന്നാണ് പരാതി. വിസയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി വരുകയായിരുന്നു ഇയാള്‍. ഇയാള്‍ക്ക് വിസ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഇറ്റലിയിലേക്ക് പോകുന്നതിനായി ഡിജോ ട്രാവല്‍ ഏജന്റ് ആയ രൂപേഷ് വഴിയാണ് പേപ്പറുകള്‍ ശരിയാക്കിയത്. ഇറ്റലിയിലേക്ക് പോകുന്നതിനായി ഡിജോയ്ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയതും രൂപേഷാണ്. ഇറ്റലിയിലെത്തിയ ഉടനെ ജോലിയും ലഭിക്കുമെന്ന് രൂപേഷ് വാഗ്ദാനം ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K