01 March, 2025 08:13:47 PM
മണാലി മണ്ണിടിച്ചില്‍; റോഡിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘങ്ങൾ

ന്യൂഡൽഹി: മണാലിയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥി സംഘങ്ങൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെയും കാസർകോട് ചീമേനി എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളും അധ്യാപകരുമാണ് മണാലിയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയത്. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ 119 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘം ഇന്നലെ രാത്രി മുഴുവൻ റോഡിലാണ് കഴിഞ്ഞത്. കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ കുട്ടികൾ പഠനയാത്ര കഴിഞ്ഞ് ഡൽഹിയിലേക്ക് പോകുന്ന വഴിയിലായിരുന്നു മണ്ണിടിച്ചിൽ.
കുട്ടികളും അധ്യാപകരും ഇന്ന് രാവിലെയോടെ ഹോട്ടലിലേക്ക് മാറിയിരുന്നു. കഴിഞ്ഞ 20 നാണ് ചീമേനി എൻജിനീയറിങ് കോളജിൽനിന്നും ഇലക്ട്രോണിക്സ് ബ്രാഞ്ചിലേയും കംപ്യൂട്ടർ സയൻസ് ബ്രാഞ്ചിലേയും വിദ്യാർഥികൾ ഉത്തരേന്ത്യൻ യാത്രയ്ക്ക് പോയത്. മഞ്ഞ് വീഴ്ച കാരണം രണ്ടു ദിവസം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. യാത്ര ഒഴിവാക്കി തിരിച്ചു മടങ്ങവെയാണ് അപകടമുണ്ടായത്. നിലവിൽ കാലാവസ്ഥ അനുകൂലമായ സാഹചര്യമാണ്. മണ്ണ് നീക്കംചെയ്യാനുളള ശ്രമങ്ങൾ നടക്കുകയാണ്. ഞായറാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങാൻ ആകുമെന്ന് കരുതുന്നുവെന്ന് കോളജ് അധികൃതർ പറയുന്നു.