14 February, 2025 09:47:10 AM


പടയപ്പയ്ക്ക് മദപ്പാട്; നിരീക്ഷിക്കാൻ അഞ്ചംഗ സംഘം; അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്



തൊടുപുഴ: മൂന്നാറിൽ ജനവാസമേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു. ഇടതു ചെവിക്കു സമീപത്ത് മദപ്പാട് കണ്ടെത്തി. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്കു നൽകിയിരുന്നു. ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്.

ഏറെ നാളായി പടയപ്പ ഉൾക്കാട്ടിലേക്ക് പിൻവാങ്ങാതെ ജനവാസ മേഖലയിൽ തുടരുകയാണ്. വനം വകുപ്പിന്റെ ആർടിഒ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേ നിരീക്ഷണത്തിനു പ്രത്യേക വാച്ചർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 5 പേരടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.

ആന നിൽക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ വനം വകുപ്പിനു ലഭിക്കുന്നുണ്ട്. ഇതനുസരിച്ച് പ്രദേശത്തെ ജനങ്ങൾക്ക് അകലം പാലിക്കുന്നതിനുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകും. സഞ്ചാരികളിലേക്ക് ഇവ എത്തിക്കാൻ സാധിക്കുന്നില്ല. ഈ പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്നു അധികൃതർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945