17 February, 2025 01:32:23 PM
മൈസൂരില്‍ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: മൈസുരുവില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ബിസിനസുകാരനായ ചേതന്‍, ഭാര്യ രൂപാലി, മകന്‍ കുശാല്‍, ചേതന്‍റെ അമ്മ പ്രിയംവദ എന്നിവരെയാണ് രണ്ട് അപ്പാര്‍ട്ട്മെന്‍റുകളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശ്വേശരയ്യ നഗറിലെ സങ്കല്‍പ് സെറീന്‍ അപ്പാര്‍ട്ട്മെന്‍റിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമ്മയെയും ഭാര്യയെയും മകനെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ചേതന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
ചേതന് വലിയതുകയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും പണം നല്‍കിയവർ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നുമാണ് ബന്ധുക്കൾ നൽകുന്ന സൂചന. അമ്മ പ്രിയംവദയുടെ മൃതദേഹം ഒരു അപ്പാര്‍ട്ട്മെന്‍റിലും മറ്റുള്ളവരുടേത് മറ്റൊരു ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്‍റിലുമാണ് ഉണ്ടായിരുന്നത്. ജീവനൊടുക്കുംമുന്‍പ് ചേതന്‍ അടുത്ത ബന്ധുവിന് ശബ്ദസന്ദേശം അയച്ചിരുന്നുവെന്നും എന്നാൽ അവർ തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ അറിയിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് അപ്പാര്‍ട്ട്മെന്‍റുകളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.