29 March, 2025 04:14:07 PM


വധശിക്ഷ; ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി നിമിഷ പ്രിയയുടെ സന്ദേശം



ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായി യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവ് ജയിലില്‍ ലഭിച്ചെന്നുമാണ് സന്ദേശം. ഒരു അഭിഭാഷകയാണ് തന്നെ വിളിച്ചറിയിച്ചതെന്നും നിമിഷ പ്രിയ സന്ദേശത്തില്‍ പറയുന്നു.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. വധശിക്ഷയില്‍ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നായിരുന്നു നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. നിലവില്‍ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K