17 April, 2025 09:16:23 AM
ഝാർഖണ്ഡ് സ്വദേശികൾ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ സംഭവം; ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് മാതാപിതാക്കൾ

കൊച്ചി: കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. കുഞ്ഞിനെ വിഡിയോ കോൾ വഴി കണ്ടു. എറണാകുളം നോർത്ത് പൊലീസിനെയാണ് മാതാപിതാക്കൾ നിലപാട് അറിയിച്ചത്. മാതാപിതാക്കളുടെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ച് ശേഷമാകും സിഡബ്ല്യുസി തീരുമാനം എടുക്കുക.
നിലവിൽ കുഞ്ഞ് അങ്കമാലി കറുകുറ്റി ശിശുഭവനിലാണ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം നോർത്ത് പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രി സിഡബ്ല്യുസിക്ക് കൈമാറിയിരുന്നു. ആരോഗ്യ മന്ത്രി കുഞ്ഞിന് നിധി എന്ന് പേരിട്ടിരുന്നു.
ഏഴാം മാസത്തിൽ ജനനം. മാതാപിതാക്കൾ ഉപേക്ഷിച്ചു. എന്നാൽ ഒരുപാട് അമ്മമാരുടെ പരിചരണത്തിൽ അവൾ വളർന്നു. ഒടുവിൽ കേരളത്തിന്റെ നിധിയായി മാറുകയായിരുന്നു. 950 ഗ്രാം തൂക്കമാണ് ആദ്യം ഉണ്ടായത്. ഒന്നരമസത്തിനിപ്പുറം 2.50കിലോയിലേക്ക് എത്തി പൂർണ ആരോഗ്യവതിയായാണ് ആശുപത്രിയിൽ നിന്നുള്ള മടക്കം. എറണാകുളത്തെ സിഡബ്ല്യുസി കേന്ദ്രത്തിൽ ആകും കുട്ടിയെ പാർപ്പിക്കുക. എല്ലാ മാസവും ആരോഗ്യസ്ഥിതി പരിശോധിക്കും. കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കോട്ടയം ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ഝാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മംഗളേശ്വറും രഞ്ജിതയും തിരികെ ഝാർഖണ്ഡിലേക്ക് പോയത്. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.