18 April, 2025 05:20:44 PM


ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണം; കൊച്ചി പൊലീസിന്റെ നോട്ടീസ്



കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണമെന്ന് കൊച്ചി പൊലീസിന്റെ നോട്ടീസ്. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഷൈന്‍ ടോം ചാക്കോയെ കണ്ടെത്താനാകാത്തതിനാല്‍ നടന്റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസ് കൈമാറും.

ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരിപരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടിരക്ഷപ്പെട്ടതെന്നാണ് അന്വേഷണ സംഘം പ്രധാനമായും ആരായുക. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.‌

പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ ഷൈന്‍ ടോം ചാക്കോ നിലവില്‍ തമിഴ്‌നാട്ടിലാണ് ഉള്ളതെന്നാണ് സൂചന. പൊള്ളാച്ചിയിലാണ് അവസാനമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നും നടൻ ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. റോഡിലെത്തി ബൈക്കില്‍ രക്ഷപ്പെട്ട നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ നിന്നും സംസ്ഥാനം വിട്ടുവെന്നുമാണ് പൊലീസിന്റെ നി​ഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932