19 April, 2025 04:36:26 PM
അമൃത ആശുപത്രിയിൽ ഹെമറ്റോളജി സമ്മേളനം ചക്രവ്യൂഹ് സംഘടിപ്പിച്ചു

കൊച്ചി: അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗവും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായാണ് "ചക്രവ്യൂഹ്" സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ ശാസ്ത്രീയ സമ്മേളനങ്ങൾ, പാനൽ ചർച്ചകൾ എന്നിവയ്ക്ക് പുറമെ ചികിത്സാ മാർഗങ്ങൾ, ആധുനിക മരുന്നുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം അമൃത ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ബാംഗ്ലൂർ സെയിന്റ്. ജോൺസ് മെഡിക്കൽ കോളേജിലെ ഹെമറ്റോളജി റിസേർച് വിഭാഗം മേധാവി ഡോ. അലോക് ശ്രീവാസ്തവ, ചെക്ക് റിപ്പബ്ലിക്കിലെ മാസറിക് യൂണിവേഴ്സിറ്റി ഹെമറ്റോളജി കൺസൽട്ടൻറ് ഡോ. ജൻ ബ്ലെറ്റണി, ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ജോസഫ് ജോൺ, കൊച്ചി അമൃത ആശുപതിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
ഹെമറ്റോളജി രംഗത്തെ യുവ ഡോക്ടർമാർക്കായി ക്രമീകരിച്ച പരിശീലന പരിപാടികളും തത്സമയ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഹെമറ്റോളജി ചികിത്സാ മേഖലയെ കൂടുതൽ നവീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും പരിപാടിയിൽ പങ്കെടുത്ത ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ആരോഗ്യ വിദഗ്ദർ മുന്നോട്ടു വെച്ചു.