21 April, 2025 05:18:25 PM


മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, മൂന്നു വയസ്സുകാരി മരിച്ചു



വെണ്ടോര്‍ (തൃശ്ശൂര്‍): മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. 

ശനിയാഴ്ച വി​ദേശത്തുനിന്ന് എത്തിയ ഹെൻട്രിയെ നെടുമ്പാശ്ശേരിയില്‍നിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്.

 ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടർന്ന് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒലിവിയയുടെ ആരോ​ഗ്യസ്ഥിതി വഷളായി. . ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പുതുക്കാട് പോലീസ് ഇൻക്വസ്റ്റ്  നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K