30 January, 2024 07:00:34 PM


അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസ്; 15 പ്രതികൾക്കും വധശിക്ഷ



ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ. ഇത്രയധികം പേർക്ക് വധശിക്ഷ വിധിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്ന് കോടതി വിലയിരുത്തി. പ്രതികൾ എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

2021 ഡിസംബർ 19ന് പുലർച്ചെ ആറിന് വീട്ടിലെത്തിയ പ്രതികൾ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയതിൽ സംതൃപ്തരാണെന്ന് അഡ്വ. രൺജിത്തിന്റെ ഭാര്യയും അമ്മയും പ്രതികരിച്ചു. "അത്യപൂർവ്വമായ വിധിയാണിത്. നഷ്ടം വലുതാണ്. വായ്ക്കരിയിടാൻ പോലും അനുവദിക്കാത്ത രീതിയിലാണ് കൊലപാതകം ചെയ്തത്. വിധിയിൽ സംതൃപ്തിയുണ്ട്," രൺജിത്തിന്റെ ഭാര്യ ലിഷ പറഞ്ഞു. മതഭീകരവാദത്തിനെതിരായ ശക്തമായ വിധിയായാണ് ഇതിനെ കാണുന്നതെന്ന് ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K