17 August, 2024 05:15:14 PM


ആലപ്പുഴയിൽ വെച്ച് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി



ആലപ്പുഴ: അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ പെട്രോളിങ് ബോട്ട് കണ്ടെത്തി. മുബാറക് എന്ന ബോട്ടിലെ  ജീവനക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്ന് അസിസ്റ്റന്‍റ് ഡയറക്‌റുടെ നിര്‍ദേശപ്രകാരം പുറപ്പെട്ട പെട്രോളിങ് ബോട്ടിന്റെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ് രാഹുല്‍, ലൈഫ് ഗാര്‍ഡുമാരായ ജയന്‍, ജോര്‍ജ് എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ് എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു.

മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. പൊന്നാനിയില്‍ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുബാറക്ക് എന്ന ബോട്ടില്‍ ഷൗക്കത്ത് അടക്കം 7 മത്സ്യ തൊഴിലാളികള്‍ പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935