20 August, 2024 10:37:40 AM


യുവതിയെ പീഡിപ്പിച്ച് 10 ലക്ഷം രൂപ തട്ടി; ഭീഷണി തുടർന്നതോടെ ഭർത്താവിനെ അറിയിച്ചു, യുവാവ് അറസ്റ്റിൽ



അടൂർ: പത്തനംതിട്ടയിൽ മുപ്പതുകാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ.  തമിഴ്നാട് സ്വദേശിയായ സജിൻ ദാസാണ് പൊലീസിന്‍റെ പിടിയിലായത്. പത്തനംതിട്ട കവിയൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മേസ്തിരി പണിക്കായി മൂന്ന് വർഷം മുൻപ് കവിയൂരിൽ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിൻദാസ്. ഇതിനിടെ 30 കാരി വീട്ടമ്മയുമായി പരിചയത്തിലാവുകയായിരുന്നു. 

സജിൻ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഒപ്പം പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അടുത്ത സുഹൃത്തായ പെൺകുട്ടിയുടെ അർബുദ ചികിത്സയ്ക്ക് സഹായിക്കണമെന്ന തരത്തിലായിരുന്നു യുവാവ് പണം ആവശ്യപ്പെട്ടത്. പലപ്പോഴായി 10 ലക്ഷം രൂപ കൈമാറിയെന്നും തിരികെ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. 

പീഡനവും ഭീഷണിയും അസഹ്യമായതോടെ യുവതി ഭർത്താവിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കവിയൂരിലെ വാടക വീട്ടിൽ നിന്നാണ് സജിൻ ദാസിനെ  പൊലീസ് പിടികൂടിയത്. ഇയാളുടെ മൊബൈൽഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K