06 December, 2023 10:30:32 AM
നഴ്‌സിങ് കോളജുകളിലെ പ്രവേശനത്തിന്‍റെ മറവില്‍ തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നഴ്‌സിങിന് പ്രവേശനം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഒന്നും രണ്ടും പ്രതികളായ കോഴിക്കോട് രാമനാട്ടുകര തൊടിഭാഗത്ത് നിന്നും മലപ്പുറം ചേലേമ്പ്ര ചക്കുവളവ് കരുമാടകത്ത് താമസിക്കുന്ന സഹാലുദീന്‍അഹമ്മദ്(26), തിരുവനന്തപുരം കടകംപള്ളി ആനയറ പുളിക്കല്‍ അമ്പു ഭവനം വീട്ടില്‍ നിന്നും തിരുവനന്തപുരം തിരുവല്ലം നെല്ലിയോട് മേലേനിരപ്പില്‍ കൃഷ്‌ണകൃപ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ബീന(44) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാം പ്രതിയായ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യുക്കേഷന്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനം നടത്തി വന്നിരുന്നയാളും മുമ്പ് തിരുവനന്തപുരത്ത് ഹീരാ കോളജ് ഓഫ് എന്‍ജിനിയറിങില്‍ അഡ്‌മിഷന്‍ മാനേജരായി ജോലി ചെയ്‌തിരുന്നയാളുമാണ്. സ്വകാര്യ നഴ്‌സിങ് അസോസിയേഷന്‍ അംഗമായ മൂന്നാം പ്രതിയുടെ സഹായത്തോടെ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പേരില്‍ വ്യാജമായുണ്ടാക്കിയ അലോട്ട്‌മെന്റ് മെമ്മോകളും സര്‍ക്കുലറുകളും മറ്റും അയച്ചാണ് കേസിലെ പരാതിക്കാരി വഴിയും മറ്റുമായി നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയത്.
ബീനയുടെ പേരില്‍ മാവേലിക്കര, എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. സംസ്‌ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘം നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പോലീസിന് സംശയമുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാതെരേസാജോണിന്‍റെ നിര്‍ദേശാനുസരണം കായംകുളം ഡി.വൈ.എസ്.പി: അജയ്‌നാഥിന്‍റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ: മുഹമ്മദ്‌ഷാഫി, എസ്.ഐ: ശ്രീകുമാര്‍, എ.എസ്.ഐ.മാരായ റീന, ജയലക്ഷ്‌മി, സി.പി.ഒമാരായ വിഷ്‌ണു, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്‌തു