07 February, 2024 01:17:23 PM


പിഎസ്‍സി പരീക്ഷക്കിടെ ആൾമാറാട്ടം; ബയോമെട്രിക് പരിശോധനക്കിടെ ഉദ്യോ​ഗാർഥി ഇറങ്ങിയോടി



തിരുവനന്തപുരം: കേരള സർവകലാശാല ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെ ആൾമാറാട്ടം നടന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. പരീക്ഷ ഹാളിനുള്ളിൽ ഹാൾടിക്കറ്റ് പരിശോധനക്കായി എത്തിയപ്പോളാണ് ഉദ്യോ​ഗാർത്ഥികളിലൊരാൾ ഇറങ്ങിയോടിയത്. 

തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാഹാളിലാണ് സംഭവം നടന്നത്. നേമം സ്വദേശിയാണ് പരീക്ഷ എഴുതേണ്ടിയിരുന്നതെന്ന് പിഎസ്‍സി അധികൃതർ വ്യക്തമാക്കി. അമൽജിത്ത് എന്നയാളുടെ ഹാൾടിക്കറ്റും ഐഡിയുമാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നതെന്ന് അധ്യാപിക വ്യക്തമാക്കി. 

പിഎസ്‍സിയുടെ വിജിലൻസ് വിഭാ​ഗവും ഇന്ന് സ്ഥലത്തുണ്ടായിരുന്നു. ആൾമാറാട്ടം തടയുന്നതിനായി ബയോമെട്രിക് സംവിധാനവും പരീക്ഷ ഹാളിൽ ഒരുക്കിയിരുന്നു. നേമം സ്വദേശിയായ ആളുടെ ഹാൾടിക്കറ്റുമായിട്ടാണ് ഇയാൾ എത്തിയത്. തൊട്ടടുത്ത ആളുടെ വിരലടയാള പരിശോധന  നടത്തുന്നതിനിടെയാണ് ഇയാൾ ഇറങ്ങിയോടിയത്. പിടിക്കപ്പെടുമെന്ന് കരുതിയാകും ഇറങ്ങിയോടിയതെന്നാണ് അധികൃതർ സംശയിക്കുന്നത്. സ്കൂളിന്റെ മതിൽ ചാടി ഓടിയ ഇയാൾ ഒരു ബൈക്കിൽ കയറിയാണ് പോയത്. 

എന്നാൽ രേഖാമൂലമുള്ള പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സ്കൂൾ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനതതിലാണ് പ്രാഥമിക വിവരശേഖരണം നടത്തിയിരിക്കുന്നത്. പിഎസ്‍സിയുടെ രേഖാമൂലമുള്ള പരാതി ലഭിച്ചാൽ മാത്രമേ കൂടുതൽ ന്വേഷണം നടത്താൻ സാധിക്കൂ. ഹാൾടിക്കറ്റിലെ ആളുടെ വിവരങ്ങളാണ് ഇപ്പോൾ ശേഖരിച്ചിരിക്കുന്നത്. ആൾമാറാട്ടത്തിനുള്ള ശ്രമം നടന്നു എന്ന കാര്യം ഇപ്പോൾ സ്ഥിരീകരിക്കുന്നുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K