09 February, 2024 03:29:22 PM


കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും



കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവിന് വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. മൂന്നു കേസുകളിലാ‍യി 25 വർഷത്തെ ശിക്ഷ‍യാണ് വിധിച്ചത്. 

എന്നാൽ 10 വർഷം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മാത്രമല്ല പ്രതി ജയിലിൽ കഴിഞ്ഞ 4 വർഷം ശിക്ഷയിൽ ഇളവു ചെയ്യും. 1 ,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായി ഇന്നലെ കോടതി വിധിച്ചിരുന്നു.


2018 മെയ് 15 നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് ഇയാൾ കേരളത്തിൽ സ്ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 

യുഎപിഎയിലെ സെക്ഷൻ 38,39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസിന്‍റെ ഭാഗമായി റിയാസിന്‍റെ വീട്ടിൽ നിന്നു കണ്ടെത്തിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് തെളിവായി ഹാജരാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K