17 February, 2024 10:28:27 AM


ബേലൂർ മഖ്ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം



മാനന്തവാടി: ബേലൂർ മഖ്ന  ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യസംഘത്തിന് സി​ഗ്നൽ കിട്ടി. ഇത് ജനവാസമേഖലയാണ്. രാത്രിയിൽ ആന കട്ടിക്കുളം- തിരുനെല്ലി റോഡ് മുറിച്ചുകടന്നു. വനംവകുപ്പ് ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഏഴാം ദിനത്തിലേക്ക്. ദൗത്യം നീളുന്നതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തിൽ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഖ്നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല. 

കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഖ്ന തമ്പടിച്ചത്. മയക്കുവെടിവെയ്ക്കാന്‍ പാകത്തിന് ദൗത്യസംഘത്തിന് ആനയെ ഇന്നലെയും അടുത്ത് കിട്ടിയില്ല. സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ബേലൂര്‍ മഖ്ന ദൗത്യത്തിനായി വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. റാപ്പിഡ് റെസ്‌പോണ്‍സ് ടീമും വെറ്റിനറി ടീമും സര്‍വ്വസന്നാഹങ്ങളുമായി തമ്പടിച്ചിട്ടും ബേലൂര്‍ മഖ്ന ഒളിച്ചുകളി തുടര്‍ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K