19 February, 2024 11:18:37 AM


ടി.പി. ചന്ദ്രശേഖരൻ വധക്കേസ്: വിചാരണക്കോടതി വിധി ശരിവച്ച് ഹൈക്കോടതി



കൊച്ചി: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. 

കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധി ഹൈക്കോടതി റദ്ദാക്കി. എന്നാൽ മോഹൻ മാസ്റ്ററെ വെറുതെവിട്ട വിചാരണക്കോടതി വിധി കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അപ്പീൽ നൽകി പത്താം വർഷത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്.

ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ 36 പ്രതികളിൾ 12 പേരെയാണ് 2014 ൽ വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് ശിക്ഷിക്കപ്പെട്ട പ്രതികളും, പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ എംഎൽഎയും അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് സിപിഎം മുൻ നേതാവും ആർഎംപി സ്ഥാപക നേതാവുമായ ടി.പി. ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

വിചാരണയ്ക്ക് ശേഷം 2014ൽ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ. കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K