08 December, 2023 10:34:51 AM
തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു
ചെന്നൈ : ചെന്നൈയിൽ ഉണ്ടായ കാർ അപകടത്തിൽ മലയാളികളായ നവ ദമ്പതികൾക്ക് ദാരുണാന്ത്യം. കോട്ടയം കൂരോപ്പട സ്വദേശിയാണ് മരിച്ച യുവതി. കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ ആരതി. എസ് (25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്.
ചെന്നൈയ്ക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തിരുച്ചിറപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് ഇന്നലെയാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെയാണ് അപകടമെന്നാണ് വിവരം.
കഴിഞ്ഞ ഒക്ടോബർ 18 ന് കൂരോപ്പടയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സന്തോഷ് കുമാറിന്റെയും സുജാ സന്തോഷിന്റെയും മകളാണ് ആരതി. ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണ് ശ്രീനാഥ് .
പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്.
തിരിച്ചിറപ്പളളിയിൽ വിമാനമിറങ്ങിയ ശേഷം ടാക്സി കാറിൽ വരുന്നവരാണ് അപകടത്തിൽപ്പെട്ടതാണെന്ന് പ്രാഥമിക വിവരം. വറ്റിവരണ്ട പുഴയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.